എറണാകുളത്ത് ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

കൊച്ചി: മഴ ശക്തമായതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം ഉണ്ടായ പ്രദേശങ്ങള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവിടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ഇതിനകം എട്ട് ക്യാമ്പുകളിലായി 250 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കോവിഡ് കാരണം ക്യാമ്പുകളില്‍ കഴിഞ്ഞ തവണത്തെ പോലെ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും ഇതനുസരിച്ചുള്ള ക്രമീകരണം വരുത്തിയിട്ടുണ്ടെന്നും കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് താമസിക്കാന്‍ പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top