തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായുള്ള മന്ത്രിതല സംഘത്തിന്റെ ചർച്ച ഇന്ന് നടക്കും. രാവിലെ 9:30ക്ക് നടക്കുന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആന്റണി രാജു, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.
ചർച്ചയിൽ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലെ പ്രതിഷേധം യൂണിയനുകൾ അറിയിക്കും. പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് യൂണിയനുകൾ അംഗീകരിച്ചിട്ടില്ല. 8 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകൾ മുന്നോട്ട് വെയ്ക്കുന്നത്.
അതേസമയം ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാരിൽ നിന്നുള്ള ധനസഹായം ലഭിക്കേണ്ടതായുണ്ട്. ഇതിനായി 10 ദിവസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം നൽകണം എന്ന് കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു.