കോണ്‍ഗ്രസിന്റെ നിലപാടില്‍ യുഡിഎഫിലെ മറ്റുള്ളവര്‍ അസംതൃപ്തരാണ്; മുഹമ്മദ് റിയാസ്

കാസര്‍കോട്: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ സങ്കുചിതമായ നിലപാടുകൊണ്ടാണ് യുഡിഎഫിലെ മറ്റ് കക്ഷികള്‍ നവകേരള സദസില്‍ പങ്കെടുക്കാത്തത് എന്ന് റിയാസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടില്‍ യുഡിഎഫിലെ മറ്റുള്ളവര്‍ അസംതൃപ്തരാണ്. മുസ്ലീം ലീഗിന് മാത്രമല്ല, നവകേരള സദസിനോട് ആര്‍ക്കും വിയോജിക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തെന്ന് പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ വിവാദത്തെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നു. നവകേരള സദസില്‍ പങ്കെടുത്ത എന്‍ എ അബൂബക്കര്‍ ലീഗ് ഭാരവാഹിയല്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ലീഗ് ഇക്കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പിഎംഎ സലാം പറഞ്ഞു. എന്‍ എ അബൂബക്കറിന് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ നവകേരള സദസിലേക്ക് പോകില്ലെന്നാണ് വിശ്വാസമെന്നും പിഎംഎ സലാം പറഞ്ഞു.

നവകേരള സദസില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് പിഎംഎ സലാം പറയുന്നു. വളരെ വ്യക്തമായി യുഡിഎഫ് തീരുമാനം എടുത്തിട്ടുണ്ടെന്നും നവകേരള സദസുമായി യുഡിഎഫ് സഹകരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിട്ടുണ്ട്.

Top