മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ദരെയും ചാൻസിലർമാരാക്കാം; സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം; ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുളള ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാനത്ത് മന്ത്രിമാരെ ചാന്‍സിലര്‍മാരാക്കാന്‍ നീക്കം. സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മന്ത്രിമാർക്ക് ചാന്‍സലറുടെ താത്ക്കാലിക ചുമതല നല്‍കാമെന്നാണ് നിയമോപദേശം.

ചാൻസിലർ സ്ഥാനത്തേക്ക് വിദ്യാഭ്യാസ വിദഗ്ധരും പരിഗണനയിലുണ്ട്. ചാന്‍സലറാകുന്നവര്‍ക്ക് ശമ്പളമുള്‍പ്പെടെ സാമ്പത്തിക പ്രതിഫലമുണ്ടാകില്ല. മുതിര്‍ന്ന ഭരണഘടന വിദഗ്ധര്‍ ആണ് നിയമോപദേശം നല്‍കിയത്. മുഴുവന്‍ സമയ ചാന്‍സിലറെ നിയമിക്കുന്നതിന് പകരം അതാത് വകുപ്പ് മന്ത്രിമാരേയും നിയമിക്കാനാണ് നിര്‍ദേശം.

ആരോഗ്യ സര്‍വകലാശാലയില്‍ ആരോഗ്യ മന്ത്രിയേയും, കാര്‍ഷിക സര്‍വകലാശാലയില്‍ കൃഷി മന്ത്രിയേയും, വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ മന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും താത്ക്കാലികമായി നിയമിക്കുക എന്നതാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്തതിന് ശേഷം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.

 

Top