മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തുന്നവരോട് ജാഗ്രതയോടെ ഇടപെടണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫിസുകളില്‍ അനാവശ്യ സൗഹൃദം സ്ഥാപിക്കാനെത്തുന്നവരോട് ജാഗ്രതയോടെ ഇടപെടണമെന്ന് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സൗഹൃദങ്ങള്‍ വിവാദമായിരുന്നു.

സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്ന സ്പീക്കറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായി. കോണ്‍സുലേറ്റില്‍ നിന്നു കൊണ്ടുവന്ന മതഗ്രന്ഥം വിതരണം ചെയ്ത ജലീലിന്റെ നടപടിയും വിവാദത്തിലായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മന്ത്രിമാരുടെ ഓഫിസുകളില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നവരെ നിരീക്ഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ സംവിധാനമുണ്ടാക്കും. മന്ത്രിമാര്‍ സ്വകാര്യ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പ് പാര്‍ട്ടി അന്വേഷണം നടത്തും. സ്‌പെഷല്‍ ബ്രാഞ്ചിനു പുറമേ പാര്‍ട്ടി പ്രദേശിക ഘടകത്തെ അറിയിച്ച് റിപ്പോര്‍ട്ട് നേടിയശേഷമായിരിക്കും പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

Top