തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാനത്തെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങള്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളും ഇതിനായി സന്ദര്‍ശിക്കും.
എന്നാല്‍, മന്ത്രിമാരില്‍ ആരൊക്കെ പോകുമെന്നോ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നേ ഉള്ള കാര്യത്തില്‍ ഇതുവരെ തീരുമനമായിട്ടില്ല. മാത്രമല്ല, മൂന്ന്, അഞ്ച് തീയതികളില്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘവും സംസ്ഥാനത്തെ ജില്ലകള്‍ കേന്ദ്രീകരിച്ച് പണം സമാഹരിക്കും. ജില്ലാതല വകുപ്പുതലവന്മാരുടെ നേതൃത്വത്തിലായിരിക്കുമിത്.
ഇതിനായുള്ള മാര്‍ഗരേഖ തയ്യാറാക്കും.
പ്രളയ ബാധിത ജില്ലകളില്‍ നിന്ന് അടക്കം ഫണ്ട് സ്വരൂപണത്തിനായി ഗവ. സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിനു സെക്രട്ടറിമാര്‍ ചുമതലയുള്ള ജില്ലകളിലെത്തി ജില്ലാ കളക്ടര്‍മാര്‍, വകുപ്പുതലവന്മാര്‍ എന്നിവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും പൊതുവിദ്യാലയങ്ങളിലെയും മറ്റു സിലബസിലുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ധനസമാഹരണം നടത്തും.