കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാര്‍; അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് യു.പി.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാരായ വി ശിവന്‍കുട്ടിയും സജി ചെറിയാനും. മന്ത്രിമാര്‍ വിളമ്പുകാരായി എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് യു പി എസ് പേരിശ്ശേരിയിലെ പൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്.

പരിപാടിക്കിടെ മന്ത്രിമാര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി പിന്നെ ഭക്ഷണം കുട്ടികള്‍ക്ക് വിളമ്പി. സ്‌കൂളുകളില്‍ നല്ല ഭക്ഷണം ഉച്ചയ്ക്ക് നല്‍കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പി ടി എ, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയില്‍ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുളക്കുഴ ഗവണ്‍മെന്റ് എല്‍പിഎസ്, പേരിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മാന്നാര്‍ ഗവര്‍മെന്റ് ജെ ബി എസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ചടങ്ങുകളില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു.

Top