തിരുവനന്തപുരം: തലസ്ഥാന നഗരം പുതിയ മന്ത്രിമാരെയും സര്‍ക്കാരിനെയും സ്വീകരിക്കാനുള്ള തിരക്കിലാണ്. ഈ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്ന വി.എസ് അച്യുതാനന്ദനെ കാണാന്‍ നിയുക്ത മന്ത്രിമാരും ഏതാനും സന്ദര്‍ശകരുമെത്തി.
വി.എസിന്റെ അനുഗ്രഹം തേടി രാവിലെ മുതല്‍ നിയുക്ത മന്ത്രിമാര്‍ കന്റോണ്‍മെന്റ് ഹൗസില്‍ എത്തുന്നുണ്ട്. ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍, കെ.ടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, ജി.സുധാകരന്‍ തുടങ്ങിയവരാണ് വി.എസിനെ രാവിലെ സന്ദര്‍ശിച്ചത്.
വി.എസിന്റെ കാലില്‍ തൊട്ട് വന്ദിച്ച ശേഷമാണ് സുധാകരന്‍ മടങ്ങിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.എസിനെ ഇവര്‍ വ്യക്തിപരമായി ക്ഷണിക്കുന്നുമുണ്ട്. സി.പി.ഐ അംഗം വി.എസ് സുനില്‍കുമാര്‍ കുടുംബസമേതമാണ് വി.എസിനെ കാണാനെത്തിയത്.
സി.പി.എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും വി.എസിനെ നേരില്‍ കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.