ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടത്തിപ്പിന് പാനല്‍ രൂപവത്കരിക്കാന്‍ കായിക മന്ത്രാലയം

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി ഒരു താത്കാലിക പാനല്‍ രൂപവത്കരിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിര്‍ദേശം നല്‍കി കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുമായുള്ള തര്‍ക്കത്തേത്തുടര്‍ന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് തീരുമാനം.

കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം തീരുമാനമെടുക്കാന്‍ താത്കാലിക പാനല്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവിക്ക് മന്ത്രാലയം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. കൃത്യമായ രീതിയിലുള്ള ഭരണം ഉറപ്പുവരുത്താന്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്. ഇക്കാര്യം ഒളിമ്പിക് അസോസിയേഷന്‍ ഉറപ്പുവരുത്തണം. അച്ചടക്കമുള്ള ഗുസ്തിതാരങ്ങള്‍ക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തില്‍ പറയുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍, മുന്‍ ഭാരവാഹികളുടെ പൂര്‍ണനിയന്ത്രണത്തിലാണെന്ന് കായിക മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയങ്ങോട്ട് താത്കാലികമായി രൂപവത്കരിക്കപ്പെട്ട പാനലിനായിരിക്കും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ചുമതല.

ഡിസംബര്‍ 21-നാണ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തത്. പിന്നാലെ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് ഇയാളെന്ന് ചൂണ്ടിക്കാട്ടി ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് പ്രതിഷേധിക്കുകയും ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നിറവേറ്റിയില്ലെന്നും സാക്ഷി ആരോപിച്ചിരുന്നു.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരം ബജ്രംഗ് പുനിയ പദ്മശ്രീ തിരിച്ചുനല്‍കിയിരുന്നു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Top