ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

child

ന്യൂഡല്‍ഹി: രാജ്യത്ത് 9,000 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കണമെന്നും 60 ദിവസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഉത്തരവിട്ടിരിക്കുന്നത്. ബിഹാറിലും ഉത്തര്‍പ്രദേശിലും ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മാനഭംഗത്തിനരയായ സംഭവത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കത്തിന് കേന്ദ്രം ഒരുങ്ങുന്നത്. ബാലാവകാശ സംരക്ഷണ ദേശീയ കമ്മീഷനാണ് ഓഡിറ്റ് നടത്തുന്നത്.

ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ പരിശോധിക്കുന്നതോടൊപ്പം അഭയകേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന സന്നദ്ധ സംഘടനകളുടെ പശ്ചാത്തലവും പരിശോധിക്കും. രാജ്യത്ത് 9,462 ശിശുസംരക്ഷണ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 7,109 എണ്ണം സര്‍ക്കാര്‍ അംഗീകൃതമാണ്.

Top