ഖത്തര്‍ നിരത്തുകളില്‍ ഇനി ഡ്രൈവറില്ലാ ബസുകള്‍; പരീക്ഷണ ഓട്ടം ആരംഭിച്ചു

ദോഹ: ഖത്തറിന്റെ വികസനക്കുതിപ്പിന്റെ പുതിയ അടയാളപ്പെടുത്തലായി ഡ്രൈവറില്ലാ ബസുകള്‍. പ്രവര്‍ത്തനം പൂര്‍ണമായും ഓട്ടോമാറ്റിക്, റോഡുകളിലെ സിഗ്‌നല്‍ പോയന്റുകള്‍ മുതല്‍ മറ്റുവാഹനങ്ങളെ മറികടക്കുന്നത് വരെ കണ്ടാല്‍ പെര്‍ഫക്ട് ഓക്കെ. ലെവല്‍ ഫോര്‍ ടെക്‌നോളജിയില്‍ ചൈനീസ് കമ്പനിയായ യുടോങ് നിര്‍മിച്ച ഈ ബസ് ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലാണ്. ഖത്തര്‍ ഫൌണ്ടേഷന്റെ കാമ്പസിലെ 3.1 കിലോ മീറ്റര്‍ ദൂരത്തിലാണ് പരീക്ഷണം, 25 കിലോമീറ്ററാണ് വേഗത.

ഡ്രൈവറില്ലെങ്കിലും ഏത് സാഹചര്യവും നേരിടാന്‍ പരീക്ഷണ സമയത്ത് ഒരു ഇന്‍സ്ട്രക്ടര്‍ വാഹനത്തിലുണ്ടാകും. പരീക്ഷണ വിജയം കണ്ടാല്‍ ഖത്തറിന്റെ നിരത്തുകളില്‍ താരമാവുന്നത് ഈ കൊച്ചു ചൈനക്കാരനായി മാറും. നവംബര്‍ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിന് ആരാധകരുടെ യാത്രക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഖത്തര്‍ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്.

റഡാറുകളും, ലിഡാര്‍ സംവിധാനങ്ങളും, ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലെ കാമറകളും ഉള്‍പ്പെടുന്നതാണ് ബസ്. സഞ്ചാരപാതയില്‍ കാമറയും റഡാറും ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ തടസ്സങ്ങളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് യാത്ര സുരക്ഷിതമാക്കും. 250 മീറ്റര്‍ ദൂരക്കാഴ്ച പിടിച്ചെടുക്കാനാവുന്നതാണ് ക്യാമറ സംവിധാനം. മിനിബസില്‍ ഒരേസമയം എട്ടു പേര്‍ക്ക് യാത്രചെയ്യാം. നിരത്തിലിറക്കുന്‌പോള്‍ നാല്‍പത് കിലോമീറ്ററാകും വേഗം

Top