മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം; മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ പരാതി നല്‍കി

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ, കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍, മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. മിന്നല്‍ മുരളി സിനിമക്കായി സെറ്റ് ഇടാന്‍ സിനിമ സംഘത്തിന് അനുമതി നല്‍കിയിരുന്നതായി സമിതി വ്യക്തമാക്കി.

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സിനിമാ സെറ്റാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കല്‍.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാര്‍ച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.

Top