ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അടുത്തിടെയാണ് സിനിമയുടെ 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്ന ഷൂട്ടിങിന് അവസാനമായത്. 2019 ഡിസംബര്‍ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പിന്നീട് ലോക്ഡൗണ്‍ വന്നതോടെയാണ് ചിത്രീകരണം ഒരു വര്‍ഷത്തോളം നീണ്ടുപോയത്.
‘ഗോദ’ യ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായ മിന്നല്‍ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.
സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജസ്റ്റിന്‍ മാത്യു, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ഷാന്‍ റഹ്‌മാനാണ് സംഗീതം.
Ttovino’s #MinnalMurali deal finalised with NETFLIX for a direct premiere in all Indian languages. pic.twitter.com/IsAXu0Yly0
— LetsCinema (@letscinema) August 9, 2021
മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളില്‍ മിന്നല്‍മുരളി, ഹിന്ദിയില്‍ മിസ്റ്റര്‍ മുരളി, തെലുങ്കില്‍ മെരുപ്പ് മുരളി, കന്നഡയില്‍ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകള്‍.