കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ കാലടി മാണിക്കമംഗലം സ്വദേശി കൃഷ്ണദാസ്(28) പിടിയിലായി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പെരുമ്പാവൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
നിരവധി മേഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. എ ടി എം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സെറ്റ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് മുഖ്യ
സൂത്രധാരനായ ബജ് രംഗ് ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ അടക്കം അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുമ്പോട്ടു പോവുകയാണ് പോലീസ്. സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാല്‍ ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സെറ്റാണ് രാഷ്ട്രീയ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത്.