ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍. സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
‘സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കും. മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം’. സംവിധായകന്‍ ആഷിഖ് അബു കുറിച്ചു.
‘ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നു’ എന്നായിരുന്നു സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിന്റെ പ്രതികരണം.
മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തു..നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വെറുപ്പ് പടര്‍ത്തുന്നത് തടയുക തന്നെ വേണം. ഇത്തരം അസഹിഷ്ണുത നമ്മളെ എവിടെയും കൊണ്ടെത്തിക്കില്ല. നടി റിമ കല്ലിങ്കല്‍ കുറിച്ചു.അങ്ങനെ നിരവധി സിനിമ പ്രവര്‍ത്തകരും സിനിമയെ സ്‌നേഹിക്കുന്നവരും സംഭവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തി.