കൊച്ചി: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരും രാഷ്ട്രീയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ്. അന്വേഷണം എ.എച്ച്.പിയിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. ഗൂഢാലോചന അടക്കമുള്ള സംഭവത്തിലായിരിക്കും അന്വേഷണം. എ.എച്ച്.പിയുടെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്രംഗ് ദള്‍ ആണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷിനെ കഴിഞ്ഞ ദിവസം ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്.
ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയില്‍ അതിക്രമിച്ചു കയറുക, സ്വത്ത് വകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്തും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, പകല്‍ സമയത്ത് മോഷണം നടത്തുക, വീട്ടില്‍ കയറി മോഷണം നടത്തുക എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വിവിധ സിനിമ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 29 കേസുകളിലെ പ്രതിയായ രതീഷിന്റെ നേതൃത്വത്തിലാണ് ഷൂട്ടിംഗ് സെറ്റ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാല്‍ ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.ഇതാണ് പൊളിച്ചുമാറ്റിയത്.