മിനിയപൊളിസ് പൊലീസ് സേനയെ പിരിച്ചുവിടണം: സിറ്റി കൗണ്‍സില്‍

വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം യുഎസില്‍ കത്തിപ്പടരുന്നതിനിടെ മരണത്തിന് കാരണക്കാരായ മിനിയപൊളിസ് പൊലീസ് സേനയെ പിരിച്ചുവിടണമെന്ന ആവശ്യം ഉയരുകയാണ്. ഈ ആവശ്യത്തെ മിനിയപൊളിസ് സിറ്റി കൗണ്‍സിലിലെ 12ല്‍ ഒമ്പത് അംഗങ്ങളും പിന്തുണച്ചിരിക്കുകയാണ്. ഞായറാഴ്ച സിറ്റി പാര്‍ക്കില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സിറ്റി കൗണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ പങ്കെടുത്തു. പൊലീസ് സേനയെ പൊളിച്ചുപണിയുമെന്ന് കൗണ്‍സില്‍ അംഗമായ ജെറമിയ എല്ലിസണ്‍ പറഞ്ഞു.

സമൂഹത്തെ സംരക്ഷിച്ചു കൊണ്ടുപോകാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. പരിഷ്‌കരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസുമായുള്ള നഗരത്തിന്റെ ബന്ധം അവസാനിപ്പിക്കുകയാണെന്നും സമൂഹത്തെ സുരക്ഷിതരായി നിര്‍ത്താനുള്ള സംവിധാനം സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.

മേയ് 25നാണ് ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രോ-അമേരിക്കന്‍ വംശജനെ പൊലീസുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൈവിലങ്ങണിയിച്ച ഫ്‌ലോയിഡിനെ കഴുത്തില്‍ കാലമര്‍ത്തി ഞെരിച്ച് കൊല്ലുകയായിരുന്നു. മുഖ്യപ്രതിയായ പൊലീസ് ഓഫിസര്‍ ഡെറിക് ഷോവിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് അതിക്രമത്തിനെതിരെയും വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടും അതിരൂക്ഷമായ പ്രക്ഷോഭമാണ് യു.എസിലുടനീളം അരങ്ങേറിയത്.

Top