ഭോപാല്‍: സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതി അഞ്ജാനി കേവ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ബൈക്കില്‍ കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. അവശനിലയിലായ കുട്ടിയെ അവരുടെ ഗ്രാമത്തിന് സമീപത്തായി ഉപേക്ഷിക്കുകയായിരുന്നു.
ലൈംഗികപീഡനത്തെ കുറിച്ച് കുട്ടി വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ കുടുംബം കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസുകാരെയും വിവരമറിയിച്ചു. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.