പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫീസറോടും കമ്മീഷന്‍ ഉത്തരവിട്ടു. കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ് , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എകെ പ്രദീപ് കുമാര്‍ എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. മത്തായിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ച രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി വന്നത്. വനംവകുപ്പ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘമാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തത്. ചട്ടവിരുദ്ധമായി വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ശേഷം മത്തായി മരിച്ചതോടെ ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരുത്തുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.