തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ അനുകൂല്യങ്ങളിലെ 80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ വിധി സംബന്ധിച്ചു പഠിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് കോടതി വിധി വന്നത്. അതിനാല്‍ വിശദമായി പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.
80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍ മുന്നോട്ട് പോയിരുന്നത്. ഈ അനുപാതമാണ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ഏറെക്കാലമായി ക്രൈസ്തവ സഭകള്‍ ഈ അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയാണ് ഉണ്ടായിരുന്നത്. അതിലാണ് ഇന്നലെ ഉത്തരവിട്ടത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം.
ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍. ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും.