ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു.

അപേക്ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. പക്ഷെ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ നമ്മളുടെ തനിമ നിലനിര്‍ത്തണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിനു എന്തെങ്കിലും സാമ്പത്തിക പ്രശ്‌നമുണ്ടങ്കില്‍ പരിഹരിക്കും. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ പോലെ അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പാലത്തായി കേസ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടില്ല. വാളയാര്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. വകുപ്പ് തല നടപടി തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

Top