തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ മതേതരത്വ നിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ എല്ലാവര്‍ക്കും ബോധ്യമായെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണം. രണ്ട് ന്യൂനപക്ഷവിഭാഗങ്ങളെയും തുല്ല്യമായി കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ഈ കേസില്‍ ഇല്ലാത്തത് എന്താണ്? ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാവര്‍ക്കും അവകാശങ്ങള്‍ ലഭ്യമാക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് സര്‍ക്കാരും ഇടതുമുന്നണിയും എല്ലാവര്‍ക്കും തുല്ല്യനീതി ഉറപ്പ് വരുത്തണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.