വ്യാജ ഏറ്റുമുട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപെട്ട അനുഭവം ഓര്‍ത്തെടുത്ത് പ്രകാശ് ശര്‍മ്മ

Indian army

ഗുവാഹട്ടി: 1994ലാണ് പ്രകാശ് ശര്‍മ്മയെ അസ്സാമില്‍ നിന്ന് ആര്‍മി പിടികൂടുന്നത്. ഉല്‍ഫ പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ ആര്‍മി കസ്റ്റഡിയിലെടുക്കുന്നത്. അസ്സാം തേയിലത്തോട്ടത്തിലെ മാനേജരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്ന കേസിനോടനുബന്ധിച്ചായിരുന്നു അറസ്റ്റ്. ശര്‍മ്മയുടെ ഒപ്പം മറ്റ് 8 പേരെ കൂടി പിടികൂടിയിരുന്നു.

പ്രകാശ് ശര്‍മ്മ ഒരു ബിസിനസുകാരനായിരുന്നു. തേയില എസ്റ്റേറ്റിലേയ്ക്ക് ഇഷ്ടിക, സിമന്റ്, മണല്‍ എന്നിവയെല്ലാം എത്തിച്ചിരുന്നത് ശര്‍മ്മയായിരുന്നു. മാനേജര്‍ രാമേശ്വര്‍ സിംഗിനെ തട്ടിക്കൊണ്ടു പോയ ദിവസം തേയില ഫാക്ടറിയിലെ സന്ദര്‍ശക ഡയറിയില്‍ ശര്‍മ്മയുടെ പേര് കണ്ടതാണ് പ്രശ്‌നമായത്. ഉല്‍ഫ അംഗങ്ങളെ സഹായിച്ചത് ഇദ്ദേഹമാണെന്നായിരുന്നു കണ്ടെത്തല്‍. ഉല്‍ഫ ആവശ്യപ്പെട്ട പണം നല്‍കാന്‍ സിംഗിന് സാധിക്കാത്തതാണ്‌ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ സംഘടനയെ പ്രേരിപ്പിച്ചത്.

പ്രകാശ് ശര്‍മ്മയെ അറസ്റ്റ് ചെയ്ത് നാല് ദിവസത്തിനു ശേഷം വിട്ടയച്ചു. മറ്റ് മൂന്ന് പേരെയും അദ്ദേഹത്തിനൊപ്പം അന്ന് മോചിതരാക്കി. മറ്റുള്ളവരെ ദിബ്രുസൈക്കോവ വനത്തില്‍ വച്ച് ആര്‍മി വെടിവച്ചു കൊന്നു. ഓള്‍ അസ്സാം സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ആര്‍മി കൊല്ലപ്പെട്ടവരുടെ മൃതദേഹം പോലീസിന് കൈമാറി.

1994-fake-encounter-1024x453

ഒക്ടോബര്‍ 15ന് 7 ഇന്ത്യന്‍ പട്ടാളക്കാരെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതിന്റെ പേരില്‍ ജീവപര്യന്തം ശിക്ഷിച്ചു. ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ശര്‍മ്മ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

വെളുപ്പിന് 1:30 മണിക്കായ്ക്കാണ് പ്രകാശ ശര്‍മ്മയെ ആര്‍മി ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയത്. ആര്‍മി ബേസിലേയ്ക്കുള്ള യാത്രയിലുടനീളം ഉല്‍ഫയെക്കുറിച്ച് അവര്‍ ചോദിച്ചു കൊണ്ടേയിരുന്നു. ക്യാംപില്‍ എത്തിച്ചും വലിയ തോതില്‍ മര്‍ദ്ദിച്ചു. ഉല്‍ഫയില്‍ പങ്കാളിയായിരുന്ന ഒരാളുടെ വീട് കാണിച്ചു കൊടുത്തതിനെത്തുടര്‍ന്ന തൊട്ടടുത്ത ദിവസം മര്‍ദ്ദനം കുറവായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അസ്സാം വനാന്തരങ്ങളില്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. തനിയ്ക്ക് ആര്‍മിയെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ സാധിച്ചതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചു എന്നാണ് പ്രകാശ് ശര്‍മ്മ നടുക്കത്തോടെ ഓര്‍ത്തെടുക്കുന്നത്.

Top