സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് നിയമ നടപടി

ദുബായ്: ദുബായില്‍ കൂടെ ജോലി ചെയ്ത വനിതാ ജീവനക്കാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ ഇന്ത്യക്കാരനെതിരെ നിയമ നടപടി. 28 വയസുള്ള യുവാവാണ് 30കാരിയായ യുവതിയെ ജോലി സ്ഥലത്ത് ചൂഷണം ചെയ്തത്. യുവതിയെ കടന്നുപിടിക്കുകയും ആലിംഗനം ചെയ്യുകയും അപമര്യാദയായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നു.

ജൂലൈ 17ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കമ്പനിയിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും ജീവനക്കാരിയായ നേപ്പാളി പൗരയായ യുവതിയും ഒരു ഫ്‌ളാറ്റിലാണ് ജോലി ചെയ്തിരുന്നത്. യുവാവ് യുവതിയോട് അപമര്യാദയായി പെരുമാറിയതോടെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

യുവാവ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. താന്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും എന്നാല്‍ അവര്‍ അനിഷ്ടം പ്രകടിപ്പിച്ചതോടെ പിന്മാറിയെന്നുമാണ് മൊഴി. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു.

പ്രതി നേരത്തെയും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരി സമാനമായ സംഭവത്തെക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പ്രോസിക്യൂഷനെ അറിയിച്ചത്. കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

Top