വാഷിങ്ടണ്‍: രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവുപറ്റിയെന്ന് ആരോപിച്ചുള്ള റിപ്പോര്‍ട്ടിനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധം പിണഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈസ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും രഹസ്യരേഖകള്‍ കൈവശം വെച്ചതില്‍ ബൈഡന് തെറ്റുപറ്റിയെന്ന് നീതിന്യായ വകുപ്പ് സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് ഹറിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഓര്‍മക്കുറവുള്ള പ്രായം കൂടിയ മനുഷ്യനായതിനാല്‍ ബൈഡനെതിരെ കുറ്റം ചുമത്തേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രതിരോധിക്കാന്‍ മെക്സിക്കന്‍- ഈജിപ്ഷ്യന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ മാറിപ്പറഞ്ഞ് ബൈഡന്‍ വെട്ടിലായത്.
‘നിങ്ങള്‍ക്ക് അറിയുന്നത് പോലെ, ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കാന്‍ മെക്സിക്കന്‍ പ്രസിഡന്റ് അല്‍ സിസി തയ്യാറായിരുന്നില്ല. എന്നാല്‍, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി തുറക്കാന്‍ ആദ്ദേഹം തയ്യാറായത്’, എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍.ഇതിന് പിന്നാലെയാണ് ബൈഡന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ മെക്സിക്കന്‍ പ്രസിഡന്റാക്കിയത്. ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. ഇതിന് മറുപടി നല്‍കുന്നതിനിടെയാണ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയെ മെക്സിക്കന്‍ പ്രസിഡന്റെന്ന് വിളിച്ചത്.
ചെയ്യുന്നതെന്താണെന്ന് തനിക്ക് പൂര്‍ണ്ണബോധ്യമുണ്ടെന്ന് പറഞ്ഞ ബൈഡന്‍ ഓര്‍മക്കുറവില്ലെന്ന് തറപ്പിച്ചു പറഞ്ഞു. തന്റെ ഓര്‍മകള്‍ക്ക് യാതൊരു പ്രശ്നവുമില്ല. പ്രസിഡന്റായതുമുതല്‍ താനെന്തെല്ലാം ചെയ്തുവെന്ന് നോക്കൂവെന്നും ബൈഡന്‍ പറഞ്ഞു.