Mishel death-police gets one more cctv footage

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഗോശ്രീ പാലത്തിനു സമീപത്തേക്കു നടന്നു നീങ്ങുന്നതിന്റെ മറ്റൊരു സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു.

ഹൈക്കോടതി ജംക്ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്തു കൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. തലയില്‍ ഷോള്‍ ധരിച്ചതിനാല്‍ ഈ ദൃശ്യത്തില്‍ മുഖം വ്യക്തമല്ലെങ്കിലും കാണാതാകുമ്പോഴുള്ള വസ്ത്രങ്ങളാണു ധരിച്ചിരിക്കുന്നത്.

മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ മറ്റൊരിടത്തുനിന്നുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി.

മിഷേല്‍ രാത്രിയോടെ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. സിസിടിവിയില്‍ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാര്‍ഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

കലൂര്‍ പള്ളിയില്‍ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേല്‍ നടന്നുപോകുന്നതിന്റെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേല്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്.

ഇപ്പോഴത്തെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മിഷേല്‍ കലൂരില്‍ നിന്ന് ഗോശ്രീയിലേക്കു നടന്നു പോകുകയായിരുന്നോ എന്നു പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ക്രോണിന്‍ അലക്സാണ്ടറുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ മായിച്ചു കളഞ്ഞ സന്ദേശങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം.

Top