കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍.
പിറവം ഇലഞ്ഞി സ്വദേശി മിഷേല്‍ ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൂടാതെ പൊലീസിന്റെ ഭാഗത്തുനിന്നും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
പെണ്‍കുട്ടി കലൂര്‍ പള്ളിയില്‍ പോയി മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ ശേഖരിച്ചിരുന്നു. സിസടിവി ദൃശ്യങ്ങളില്‍ കാണുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പെണ്‍കുട്ടിയുടെ ഫോണ്‍ കലൂര്‍ സ്വിച്ച് ഓഫായത് കലൂരിലെ മൊബൈല്‍ ടവറിന്റെ പരിധിയിലാണെന്നും ഇതില്‍ അവസാനം വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മിഷേല്‍ വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങളില്ലെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ കാണാതാവുകയും പിറ്റേന്ന് തിങ്കളാഴ്ച ഐലന്‍ഡിലെ വാര്‍ഫിനടുത്ത് കായലില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.