പൊതുജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിട്ട് മിഷേല്‍ ഒബാമ

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമ പൊതുജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മിഷേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണക്കാലത്ത് സമയം ചെലവഴിക്കാന്‍ താന്‍ തുന്നല്‍ പഠിച്ചെന്നും ഇപ്പോള്‍ അതില്‍ വിദഗ്ധയായി എന്നും മിഷേല്‍ പറയുന്നു.സ്ലീവുകളും കോളറും തുന്നുന്നതെങ്ങനെയെന്ന് പഠിക്കുകയാണ് ഇപ്പോഴെന്ന് മിഷേല്‍ പറയുന്നു. തന്റെ ഭര്‍ത്താവിന് വേണ്ടി പുതിയ സ്വെറ്റര്‍ തുന്നുകയാണ് മിഷേല്‍ ഇപ്പോള്‍.തനിക്കും തന്റെ ഭര്‍ത്താവിനും നഷ്ടപ്പെട്ട നല്ല ചില മുഹൂര്‍ത്തങ്ങള്‍ കോവിഡ് കാലം തിരിച്ചുനല്‍കിയെന്ന് മിഷേല്‍ പറയുന്നു.

മക്കളായ 22 കാരി മലിയയും 19 കാരിയായ സാഷയും കോളേജില്‍ നിന്നും വീട്ടിലെത്തി മിഷേലിനും ഒബാമയ്ക്കും ഒപ്പം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.ഇപ്പോള്‍ മക്കള്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായിരിക്കുന്നു. അവരോടൊപ്പം ചേര്‍ന്നുള്ള ഇടപഴകലുകള്‍ അവരുടെ പ്രായത്തിലുള്ളവരുടെ ചിന്തകള്‍ എന്തൊക്കെയെന്ന് അറിയാന്‍ സഹായിക്കുന്നുണ്ട്. ഞാന്‍ എന്റെ മക്കളോട് പറയാറുണ്ട്, ഞാന്‍ റിട്ടയര്‍മെന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.- മിഷേല്‍ പറയുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവും കോവിഡ് ലോക്ഡൗണും വര്‍ക്ക്ഔട്ട് മുടങ്ങിയതുമൊക്കെ തനിക്ക് ചെറിയ തോതില്‍ വിഷാദത്തിന് ഇടയാക്കിയെന്ന് മിഷേല്‍ ഓര്‍ക്കുന്നു. പ്രഥമ വനിതയായ സമയത്ത് മിഷേല്‍ ചെയ്തിരുന്ന വര്‍ക്ക്ഔട്ടുകള്‍ വൈറലായിരുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് നീന്തലിലായിരുന്നു 57 കാരിയായ മിഷേല്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്.മിഷേലിന്റെ പുതിയ നെറ്റ്ഫ്‌ളിക്‌സ് ചില്‍ഡ്രന്‍സ് ഷോ വാഫിള്‍സ് പ്ലസ് മോച്ചി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.

 

Top