mishell shaji death; crimebranch focus to only publicity

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല.

ലോക്കല്‍ പൊലീസ് കണ്ടെത്തിയതിനപ്പുറം ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

കേസില്‍ മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിനെ നേരത്തെ ലോക്കല്‍ പൊലീസ് അറസ്റ്റു ചെയ്യുകയും മൊബൈലില്‍ നിന്ന് സംഭവ ദിവസം അയച്ച എസ് എം എസ്- കാള്‍ വിശദാംശങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്തിരുന്നു.

മിഷേലിനെ ‘അമിതമായി’ സ്‌നേഹിച്ചിരുന്ന ക്രോണിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് ലോക്കല്‍ പൊലീസ് എത്തിയിരുന്നത്.

ക്രോണിനെയും മിഷേലിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നും ലോക്കല്‍ പൊലീസിന് ലഭിച്ച വിവരങ്ങളും ഈ നിഗമനത്തെ സാധൂകരിക്കുന്നതായിരുന്നു.

എന്നാല്‍ പിന്നീട് മിഷേലിന്റെ കുടുംബത്തിന്റെ പരാതി സ്വീകരിക്കുന്ന കാര്യത്തില്‍ സെന്‍ട്രല്‍ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നത്.

ലോക്കല്‍ പൊലീസിന്റ ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ നടപടി.

കേസന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കിലും ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ലോക്കല്‍ പൊലീസ് തെളിവെടുപ്പം പരിശോധനയുമെല്ലാം അതീവ രഹസ്യമായാണ് നടത്തിയിരുന്നതെങ്കില്‍ ഗോശ്രീ പാലത്തിലെ പരിശോധനയടക്കം ക്രൈംബ്രാഞ്ച് ‘ലൈവായി ‘തന്നെ നടത്തി.

കേസന്വേഷണം പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പകരം മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്ത് കൊണ്ടുവരാനാണ് അന്വേഷണ സംഘം ശ്രമിക്കേണ്ടതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനം.

കേസന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാത്തതില്‍ പരക്കെ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് എന്താണ് പറയുന്നത് എന്ന് നോക്കട്ടെ അതിനു ശേഷം പ്രതികരിക്കാമെന്നാണ് ഭരണ-പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതികരണം.കേസന്വേഷണം വലിച്ചു നീട്ടികൊണ്ടു പോകുകയാണെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് തീരുമാനം.

മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്ന് ഉറപ്പിച്ച് പറയുന്ന മിഷേലിന്റെ പിതാവ് കായലില്‍ നിന്നു കിട്ടിയ മൃതദേഹം കണ്ടാല്‍ വെള്ളം ഉള്ളില്‍ ചെന്ന് മരിച്ചതല്ലെന്ന് വ്യക്തമാണെന്നു ചൂണ്ടികാട്ടിയിരുന്നു.

മൃതദേഹത്തില്‍ ഒരു പ്രാണി കടിച്ചതുപോലുള്ള പാടുകള്‍ പോലും 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും ഉണ്ടായിരുന്നില്ല. വെള്ളം കുടിച്ച് ശരീരം ചീര്‍ത്തിരുന്നില്ല. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വളരെ മോശം അനുഭവമാണ് ഉണ്ടായത്. മറ്റൊരാള്‍ക്കും ഭാവിയില്‍ ഇത്തരം ഒരു അനുഭവം ഉണ്ടാവരുതെന്നും മിഷേലിന്റെ പിതാവ് പറഞ്ഞു.

Top