കൊച്ചി: ശിവസേനക്കാർക്ക് അഴിഞ്ഞാടാൻ അവസരം നൽകിയതിന് സസ്പെൻഷനിലായ എസ് ഐക്ക് രണ്ടാമതും വകുപ്പുതല നടപടി.
സി എ വിദ്യാർത്ഥിനി മിഷേൽ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പുതിയ അച്ചടക്ക നടപടി. കമ്മീഷണറാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്.
മിഷേലിനെ കാണാതായെന്ന പരാതിയിൽ കേസെടുക്കാൻ വൈകിയ സെൻട്രൽ സ്റ്റേഷനിലെ ജി ഡി (ജനറൽ ഡയറി ) ചുമതലയുണ്ടായിരുന്ന സീനിയർ സി പി ഒ അബ്ദുൾ ജലീലിനെ കമ്മീഷണർ സസ്പെന്റ് ചെയ്തു.
മിഷേലിനെ കാണാതായ അഞ്ചിനു രാത്രി 11ന് മാതാപിതാക്കൾ സെൻട്രൽ സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നുവെങ്കിലും ആറാം തിയ്യതി വൈകീട്ട് മാത്രമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നത്.
പരാതി നൽകുമ്പോൾ ജിഡി ചുമതലയിലുണ്ടായിട്ടും നടപടി സ്വീകരിക്കാതിരുന്നതിനാണ് അബ്ദുൾ ജലീലിനെ സസ്പെൻറ് ചെയ്തത്.
ആറിന് രാവിലെ ഡ്യൂട്ടിക്ക് എത്തിയിട്ടും ഈ പരാതിയിൽ കേസെടുക്കാൻ താമസമുണ്ടായത് എസ് ഐയുടെ ഗുരുതര വീഴ്ചയായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്.
മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സെൻട്രൽ എസ് ഐ ആയിരുന്ന വിജയശങ്കറിനെ സസ്പെന്റ് ചെയ്തത്.
ഇപ്പോൾ മിഷേലിന്റെ കേസിലും കേരള പൊലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.
സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത് പൊലീസിന്റെ ഈ വീഴ്ചകളായിരുന്നു. ഇതേ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുന്നത്. കേസ് സംബന്ധമായ ഫയലുകൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ നേരത്തെ ലോക്കൽ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തിരുന്നു.