കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.
ഹൈക്കോടതിക്ക് സമീപത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ഹൈക്കോടതിയുടെ സമീപമുള്ള ഒരു ഫ്‌ളാറ്റിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
നേരത്തെ സംഭവ ദിവസം അഞ്ചരയോടെ കലൂര്‍ പള്ളിയില്‍ മിഷേല്‍ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേല്‍ ഒറ്റയ്ക്ക് പോകുന്നതാണ് ഉള്ളത്.
ആത്മഹത്യ എന്ന പൊലീസ് വാദം കൂടുതല്‍ ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേസില്‍ നിര്‍ണ്ണായകമായ ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ ക്രൈംബ്രാഞ്ചിന് പൊലീസ് കൈമാറും.
നേരത്തെ വൈപ്പിന്‍ സ്വദേശിയായ അമല്‍ വില്‍ഫ്രെഡ് എന്നയാള്‍ മിഷേലിനെ പോലെ ഒരാളെ ഏഴരയോടെ ഗോശ്രീ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയതായി പറഞ്ഞിരുന്നു.
അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ അമ്മ സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.