ന്യൂഡല്‍ഹി: ആകാശ ആക്രമണങ്ങളില്‍ നിന്നും തലസ്ഥാനത്തെ സംരക്ഷിക്കാന്‍ പ്രതിരോധ മേഖലയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു.
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിനേയും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയേയും സംരക്ഷിക്കുന്ന പുത്തന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇനി ഡല്‍ഹിക്കും സംരക്ഷണം നല്‍കും. പഴയ മിസൈല്‍ പ്രതിരോധ കവചങ്ങള്‍ മാറ്റി കൊണ്ട് ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.
100 കോടി ഡോളറിനാണ് (ഏകദേശം 6500 കോടി രൂപ) അമേരിക്കയില്‍ നിന്ന് ഈ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നത്. അമേരിക്കന്‍ പ്രതിരോധ കമ്പനിയുടെ നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫെയ്‌സ് ടു എയര്‍ മിസൈല്‍ സിസ്റ്റം2 (നസംസ്) രാജ്യ തലസ്ഥാനത്ത് സ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരമാന്‍ അംഗീകരിച്ചു കഴിഞ്ഞു. എളുപ്പത്തില്‍ തന്നെ മിസൈല്‍ ആക്രമണങ്ങള്‍ തിരിച്ചറിയുന്നതിനും നിര്‍വീര്യമാക്കുന്നതിനും ഈ സംവിധാനം സഹായകമാണ്.
ആളില്ലാ വിമാനങ്ങളില്‍ നിന്ന് ആക്രമങ്ങള്‍ നേരിടുന്നതിനും ക്രൂയിസ് മിസൈലുകളെ തകര്‍ക്കാനും പുതിയ സംവിധാനത്തിന് കഴിയും.
അമേരിയ്ക്കയ്ക്ക് പുറമെ നോര്‍വെ, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്, ഒമാന്‍, എന്നിവയ്ക്കും പേര് വ്യക്തമാക്കാത്ത മറ്റൊരു രാജ്യത്തും നസംസ് മിസൈല്‍ സംവിധാനമുണ്ടെന്നാണ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.