missile – kim jong – koriy – missile

സോള്‍: അഞ്ചാമത്തെ ആണവ പരീക്ഷണം നടത്താന്‍ ഉത്തര കൊറിയ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മേയ് ആദ്യം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പുതന്നെ ആണവപരീക്ഷണം നടത്താനാണ് നീക്കം.

രാജ്യത്തിന്റെ പരമാധികാരിയായ കിം ജോങ്ങിന്റെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തപ്പെടുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആണവായുധ രംഗത്തെ കുതിച്ചുകയറ്റം മുതല്‍ക്കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ആണവ പരീക്ഷണം നടന്നേക്കുമെന്നും ഉത്തര കൊറിയന്‍ സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നാലാമത്തെ ആണവ മിസൈല്‍ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടത് കിമ്മിനു കനത്ത ആഘാതമായിരുന്നു. ഇതോടെയാണ് അഞ്ചാം പരീക്ഷണം വിജയിപ്പിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം.

യുഎന്‍ ഉപരോധം വകവയ്ക്കാതെയാണ് നാലാമതും മധ്യദൂര ബാലിസ്റ്റിക് ആണവ മിസൈല്‍ പരീക്ഷണ വിക്ഷേപണം ഉത്തര കൊറിയ നടത്തിയത്.

രാജ്യത്തിന്റെ പരമാധികാരി കിം ജോങ് ഉന്നിന്റെ മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപക പ്രസിഡന്റുമായ കിം ഇല്‍ സുങ്ങിന്റെ ജന്മദിനം ‘സൂര്യദിനം’ ആയി ആഘോഷിച്ച ദിവസമായിരുന്നു വിക്ഷേപണം.

3000 കിലോമീറ്റര്‍ പരിധിയുള്ളതും സഞ്ചരിക്കുന്ന വാഹനത്തില്‍നിന്നു തൊടുക്കാവുന്നതുമായ മിസൈലാണ് ഉത്തര കൊറിയ വിക്ഷേപണത്തിനു ശ്രമിച്ചത്. ആരും പരീക്ഷിച്ചിട്ടില്ലാത്തതാണിത്.

Top