ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കുസമീപം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. വിമാന അവശിഷ്ടങ്ങളും പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ചിത്രത്തില്‍ വ്യക്തമായി കാണാം.വിമാനം കത്തി താഴേക്കുപതിച്ചതായി വ്യക്തമാക്കുന്നതാണ് ചിത്രം. പ്രദേശത്തിന്റെ മുകളില്‍നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അസമിലെ ജോര്‍ഹട്ടില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎന്‍- 32 എന്ന വിമാനമാണ് ജൂണ്‍ 3ന് തകര്‍ന്നു വീണത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
മലയാളികളായ ഫ്ലൈറ്റ് എന്‍ജിനയര്‍ അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിന്‍ ഉള്‍പ്പടെ വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.