ഉത്തരക്കടലാസ് കാണാതായ സംഭവം; അന്വേഷണം അധ്യാപകരിലേക്ക്

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു. ഉത്തരക്കടലാസുകള്‍ കാണാതായതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് മോഷണത്തിലേക്ക് നയിച്ചതെന്നും ഉത്തരക്കടലാസ് മാറ്റിയത് അധ്യാപകരുടെ നിര്‍ദേശ പ്രകാരമെന്നാണ് സൂചനയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകള്‍ പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.

 

Top