കാസര്‍കോട്: കാസര്‍കോട് നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരെ കാണാതായ സംഭവം ദേശീയ സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇതിനിടയില്‍ തൃക്കരിപ്പൂര്‍ പടന്നയില്‍ നിന്നും കാണാതായ രണ്ട് യുവാക്കള്‍ മുംബൈയില്‍ നിന്നും പിടിയിലായതായും സൂചനയുണ്ട്.
സംസ്ഥാനത്തു നിന്നും ആള്‍ക്കാരെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തതില്‍ പ്രധാന കണ്ണി കാസര്‍കോട് പടന്നയിലെ റാഷിദ് ആണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കാസര്‍കോട് തൃക്കരിപൂരില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ജില്ലയിലെത്തി കൂടുതല്‍ വിവര ശേഖരണം ആരംഭിച്ചു.
ഡി ജി പിയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തരമേഖലാ എഡിജിപിയും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടിയാണ് യുവാക്കളും സ്ത്രീകളും രാജ്യം വിട്ടതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലോടെ കാസര്‍കോട്, തൃക്കരിപ്പൂര്‍, ഉടുമ്പുന്തല, പടന്ന പ്രദേശങ്ങള്‍ ഉന്നത അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായി.
ഇതിനിടയില്‍ കാസര്‍കോട് നിന്നും കഴിഞ്ഞ മാസം കാണാതായ രണ്ടു യുവാക്കളെ മുംബൈയിലെ ലോഡ്ജില്‍ നിന്നും പിടിയിലായതായും സൂചനയുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
ഇതിനിടയില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നും ഐ എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതില്‍ പ്രധാന കണ്ണി റാഷിദ് ആണെന്നും രഹസ്യാന്വേഷ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളികളുടെ ഐഎസ് ബന്ധം ഞെട്ടലുളവാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പ്രതികരിച്ചു.
സത്യാവസ്ഥ തിരിച്ചറിയാതെ പ്രതികരിക്കാനില്ലെന്നും എകെ ആന്റണി പറഞ്ഞു. സ്ഥിതി ആശങ്കാജനകം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മലയാളികളുടെ ഐഎസ് ബന്ധം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥിതി ആശങ്കാജനകമെന്ന് അഭിപ്രായപ്പെട്ട ചെന്നിത്തല മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും പറഞ്ഞു.
വെള്ളിയാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച ഈ വാര്‍ത്ത പുറത്തുവന്നത്. കാസര്‍കോട് ജില്ലയിലെ 11 പേരെയും പാലക്കാടു നിന്നുളള 4 പേരെയുമാണ് കഴിഞ്ഞ ഒരു മാസമായി കാണാതായത് .
ജൂണ്‍ 6 മുതലാണ് ഇവര്‍ അപ്രത്യക്ഷമായത്. ഇതേത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പരാതി നല്‍കി. തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് വീട് വിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഡോ ഹിജാസും കുടുംബവും ഉടുംമ്പുന്തലയിലെ എന്‍ജിനിയറായ അബ്ദുള്‍ റഷീദും കുടുംബവും തൃക്കരിപ്പൂരിലെ മര്‍ഹാന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്നും ഇസ, യനിയ ഇവരുടെ ഭാര്യമാരുമാണ് കാണാതായ സംഘത്തില്‍പ്പെടുന്നത്.
തെറ്റുതിരുത്തി തിരിച്ചു വന്നില്ലെങ്കില്‍ മയ്യത്തു പോലും കാണേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരെ കാണാതായതിനു തൊട്ടു പിന്നാലെ ബന്ധുക്കളുടെ വാട്‌സ് ആപ്പില്‍ വന്ന സന്ദേശമാണ് ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായും സൂചന ലഭിച്ചത്.
കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് ഇവര്‍ കടന്നതായാണ് സംശയിക്കുന്നത്.