വിജയവാഡ: കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ അടുത്തുള്ള കോളേജില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്യുന്ന അച്ഛനെ വിവരം അറിയിച്ചു. മതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ പ്രദേശത്താകെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയുടെ അടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നീട് ചുറ്റുമുള്ള വീടുകളില്‍ പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു.
തുടര്‍ന്നാണ് അയല്‍ക്കാരനായ യുവാവിന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടി പീഡനത്തിന് ഇരയായോ എന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണോ കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.