ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാതായ സംഭവം; യുവാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മൊഴി

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കേസ്. യുവാക്കള്‍ മദ്യം നല്‍കിയെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവിലേക്ക് പോകാന്‍ പണം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ യുവാവാണ് പണം നല്‍കിയത്. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് പുറത്തുപോയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

ആറ് പെണ്‍കുട്ടികളെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്. രണ്ട് പേരെ ബംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നുള്ള കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് ഇവരെ കോഴിക്കോട്ടെത്തിച്ചത്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടെയുള്ളവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ശേഷം കോടതിയില്‍ ഹാജരാക്കും.

Top