തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം.
കാസര്‍കോട് പടന്നയിലെ ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. കാണാതായ പടന്ന സ്വദേശി അഷ്ഫാക്കിന്റെ ടെലഗ്രാം സന്ദേശമാണ് ലഭിച്ചത്.
പ്രവാസി വ്യവസായി ഹക്കീമിന്റെ മകന്‍ ഹഫീസുദ്ദീനാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തിലായിരുന്നു മരണം. മൃതദേഹം ഖബറടക്കിയതായും സന്ദേശത്തില്‍ പറയുന്നുണ്ട്. തങ്ങളും ദൈവിക മാര്‍ഗത്തിലെ മരണത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് അഷ്ഫാക്കിന്റെ സന്ദേശം അവസാനിക്കുന്നത്.
പടന്നയില്‍ നിന്ന് കാണാതായ 15 പേര്‍ക്കെതിരെയാണ് ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നത്. ഈ മലയാളി സംഘത്തിന്റെ തലവനാണ് ഹഫീസ്. അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലെ സംഘര്‍ഷമേഖലയിലേക്കുമായിരുന്നു ഇവരുടെ യാത്രയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.
പടന്നയില്‍ നിന്നും 15 പേരും പാലക്കാട് നിന്ന് 4 പേരുമാണ് ദുരൂഹ സാഹചര്യത്തില്‍ നാടുവിട്ടത്. തങ്ങള്‍ സുരക്ഷിതരാണെന്നും ജോലി ലഭിച്ചെന്നുമുള്ള സൂചനകളാണ് സംഘം വീട്ടുകാര്‍ക്ക് അയച്ച സന്ദേശങ്ങളിലുണ്ടായിരുന്നത്.
ഡോ. ഇജാസ്, ഭാര്യ റിഫൈല, 2 വയസ്സുകാരനായ മകന്‍ ഹയാന്‍, സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല , അഷ്ഫാഖ്, ഭാര്യ ഷംസിയ, ഒന്നര വയസ്സുകാരിയായ മകള്‍ ആയിഷ, ഹഫീസ്, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മര്‍ശാദ്, ഫിറോസ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ്, ഇയാളുടെ ഭാര്യ, മര്‍വാന്‍, ഇവരുടെ കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് കാണാതായത്.