തിരുവനന്തപുരം: കാസര്‍ഗോഡ് പടന്നയില്‍ നിന്ന് കാണാതായ ഹഫീസുദീന്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചന. അഫ്ഗാനിലെ തോറാ ബോറയില്‍ നിന്ന് ഹഫീസുദീന്റെ സന്ദേശം ലഭിച്ചെന്ന് സഹോദരി അന്വേഷണസംഘത്തെ അറിയിച്ചു. തങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നെന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് സഹോദരി അറിയിച്ചു.
ശനിയാഴ്ചയാണ് നാട്ടില്‍ ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്ന സന്ദേശം എത്തിയത്. അല്‍ക്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ ഒളിസങ്കേതമായിരുന്നു തോറ ബോറ.
കാസര്‍ഗോഡ് നിന്നും കാണാതായ 17 പേരില്‍ ഒരാളാണ് പടന്ന പിഎച്ച്‌സി റോഡിലെ താമസക്കാരനായിരുന്ന ഹഫീസുദീന്‍. ഈ യുവാവും, കാണാതായ മറ്റുള്ളവര്‍ നാടുവിട്ടതിനു സമീപദിവസങ്ങളില്‍ തന്നെയാണ് വീട് വിട്ടുപോയത്. നാട് വിട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉമ്മയെ ഹഫീസുദീന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്ത് ഹഫീസുദീന്‍ രാജ്യം വിട്ടിരുന്നില്ല. ചെറിയ പെരുന്നാളിന് നാട്ടില്‍ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചുവരാതെ ഇന്ത്യ വിട്ട ഹഫീസുദീന്‍ പെരുന്നാള്‍ ദിവസം ആശംസ സന്ദേശം അയക്കുകയും ഇനി നാട്ടിലേക്കില്ലെന്നും ഇപ്പോള്‍ ഉള്ള സ്ഥലം ദൈവത്തിന്റെ നാടാണെന്നും സൂചിപ്പിച്ചിരുന്നു.
ബിരുദധാരിയായ ഹഫിസുദീന്‍ നാട് വിടുന്നതിനു മൂന്നു മാസം മുന്‍പ് മാത്രമാണ് വിവാഹിതനായത്. ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു. തീവ്ര സലഫി വിശ്വാസിയുമായിരുന്നു.