ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനായ ‘മിഷന്‍ ഇംപോസിബിള്‍ – ഫോള്‍ ഔട്ട്’ സിനിമയില്‍ കാശ്മീരിനെ ചിത്രീകരിച്ചത് ഇന്ത്യക്ക് എതിരായി. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നാണ് സിനിമയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ നിലപാടുള്ള സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഒടുവില്‍ വിവാദ ഭാഗം ഒഴിവാക്കിയാണ് സിനിമ ഇപ്പോള്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ നിലപാടിനെതിരെ പരാമര്‍ശമുണ്ടായാല്‍ ഹോളിവുഡ് സിനിമകള്‍ക്ക് ഭാവിയിലും പ്രദര്‍ശനാനുമതി നല്‍കില്ലെന്ന കടുത്ത നിലപാട് ഇന്ത്യ സ്വീകരിക്കുമെന്നതും നിര്‍മ്മാതാക്കളെ പിന്നോട്ടടിപ്പിച്ച ഘടകമാണ്.
മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി വിദേശത്ത് പ്രിയം ഹോളിവുഡിലല്ല. ഇന്ത്യന്‍ സിനിമകള്‍ക്ക് ഹോളിവുഡില്‍ പ്രിയം ഏറുന്നത് പോലെ തന്നെ ഹോളിവുഡ് സിനിമകള്‍ക്കും ഇന്ത്യ ഇപ്പോള്‍ നല്ലൊരു വിപണിയാണ്.
ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പൂരിലും മലേഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലും ഹോളിവുഡ് സിനിമകളുടെ പ്രേക്ഷകരില്‍ ഇന്ത്യക്കാരുടെ വലിയ സാന്നിദ്ധ്യം തന്നെയുണ്ട്.
‘മിഷന്‍ ഇംപോസിബിളിന്റെ’ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി കാശ്മീരില്‍ അനുമതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യ അനുമതി നല്‍കിയിരുന്നില്ല. ഇതാണ് അണിയറ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരാക്കിയ സംവിധായകന്റെ നടപടിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത ഭിന്നത ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കെതിരെ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ ഹോളീവുഡ് സിനിമയില്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നു പറയുന്നത് വകവെച്ചുതരില്ല എന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്.
കാശ്മീരില്‍ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിനെ തുര്‍ന്ന് നോര്‍വേയില്‍ വച്ചാണ് ഈ ഭാഗം ചിത്രീകരിച്ചത്. അപകടത്തില്‍പ്പെടുന്ന നായകനെ ഇന്ത്യന്‍ സൈന്യം രക്ഷിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
ന്യൂക്ലിയര്‍ ബോംബ് ക്രിമിനലുകള്‍ സംഘടിപ്പിക്കുന്നതും അത് കണ്ടെത്തുന്നതിനായി ഐ.എം.ഡി ഉദ്യോഗസ്ഥന്‍ ആയി വേഷമിടുന്ന നായകന്‍ ശ്രമിക്കുന്നതുമാണ് കഥ.
നിലവിലുള്ള ലോകക്രമം മാറ്റി ക്രിമിനല്‍ സിന്‍ണ്ടിക്കേറ്റിന്റെ കീഴില്‍ ലോകത്തെ കൊണ്ടുവരികയായിരുന്നു ക്രിമിനല്‍ സംഘത്തിന്റെ ലക്ഷ്യം.
മിഷന്‍ ഇംപോസിബിള്‍ – ഫോള്‍ ഔട്ട് അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ടോം ക്രൂസിന്റെ ജീവന്‍പണയംവെച്ചുളള സാഹസികരംഗങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്.
ലണ്ടന്‍, പാരീസ് നഗരങ്ങളിലാണ് ഭൂരിഭാഗം കഥയും പുരോഗമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലെ നിര്‍ണായക രംഗങ്ങള്‍ക്ക് കാശ്മീരും, പാക്കിസ്ഥാനും, ചൈനയും പശ്ചാത്തലം ആകുന്നു.
സിനിമയുടെയും കഥാപാത്രത്തിന്റെയും പൂര്‍ണതയ്ക്കായി എന്തും ചെയ്യാന്‍ മടിക്കാത്ത നടനാണ് ടോം ക്രൂസ്. മിഷന്‍ ഇംപോസിബിള്‍ മുന്‍ചിത്രങ്ങള്‍ക്കായി ബുര്‍ജ് ഖലീഫയുടെ മുകളിലും കാര്‍ഗോ വിമാനത്തില്‍ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങളിലും അദ്ദേഹം ജീവന്‍ തന്നെ പണയം വച്ചാണ് അഭിനയിച്ചത്.
ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന രംഗങ്ങള്‍ സ്വയം ചെയ്യുന്ന പതിവ് ഇക്കുറിയും ടോം തെറ്റിച്ചില്ല. ഫോള്‍ ഔട്ട് ഇറങ്ങുംമുന്‍പേ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ വൈറലായി. സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരുക്ക് പറ്റി അദ്ദേഹം ചികിത്സയിലായിരുന്നു.
മിഷന്‍ ഇംപോസിബിള്‍ – ഫോള്‍ ഔട്ട് അതിസാഹസികമായ ഹാലോ ജംപ് (High Altitude Low Oxygen) ടോം ക്രൂസ് ചെയ്തിട്ടുണ്ട്. വിമാനത്തില്‍ നിന്നും 25000-30000 അടി മുകളില്‍ നിന്നും ചാടുക. നിലത്ത് എത്താറായെന്ന് ഏകദേശം ഉറപ്പുള്ള സമയത്ത് മാത്രം പാരച്യൂട്ട് ഉപയോഗിക്കുക. ചെറിയൊരു അബദ്ധം സംഭവിച്ചാല്‍ മരണം ഉറപ്പ്. ഇതിനായി മാസങ്ങളോളം ടോം ക്രൂസ് പരിശീലനത്തിലായിരുന്നു. പല തവണ വിമാനത്തില്‍ നിന്നും ചാടിയും മറ്റും പരിശീലനം നേടിയ ശേഷമാണ് സിനിമയ്ക്കായി ടേക്ക് എടുത്തത്. ചിത്രത്തിലെ ക്ലൈമാക്‌സ് സംഘട്ടനരംഗങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ പറത്താന്‍ പ്രത്യേകമായി പരിശീലനവും ടോം ക്രൂസ് നേടിയിരുന്നു.
അണിയറയില്‍ നടന്ന കാര്യങ്ങള്‍ എന്തായാലും സിനിമ അവസാനിക്കുമ്പോള്‍ ഒടുവില്‍ നായകനെ ‘ രക്ഷപ്പെടുത്താന്‍ ‘ ഇന്ത്യന്‍ സൈന്യം തന്നെ വേണ്ടിവന്നു.