മിഷന്‍ റാണിഗഞ്ച് കളക്ഷന്‍ റിപ്പോര്‍ട്ട്; വിജയം നേടാനാവാതെ ചിത്രം ഈ ആഴ്ച്ച തിയേറ്റര്‍ വിട്ടേക്കും

മുംബൈ: അക്ഷയ് കുമാറിന് വീണ്ടും ബോക്‌സോഫീസില്‍ തിരിച്ചടി. ഒക്ടോബര്‍ 6ന് റിലീസായ ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ച് എന്ന ചിത്രവും വലിയ നേട്ടം കൊയ്യാനായില്ല. 1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥ പറയുന്നതാണ് ചിത്രം. സൂര്യവംശി ഒഴികെ കൊവിഡിന് ശേഷമുള്ള അക്ഷയ് കുമാറിന്റെ തിയറ്ററുകളില്‍ നിലം തൊട്ടത് അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമാണ്.

ഒരാഴ്ച പിന്നിട്ടപ്പോള്‍ മിഷന്‍ റാണിഗഞ്ചിന് ലഭിച്ച കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരാഴ്ചയില്‍ 18.25 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ ചിത്രം 2.8 കോടിയാണ് നേടിയത്. രണ്ടാം ദിനം ഇത് 4.8 കോടിയായി വര്‍ദ്ധിച്ചു. മൂന്നാം ദിനം അഞ്ചുകോടിയായി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി രണ്ട് ദിവസം കളക്ഷന്‍ 1.50 കോടി ആയിരുന്നു. ആറാം ദിനം ഇത് 1.35 കോടിയായിരുന്നു. ചിത്രത്തിന്റെ ഒക്യൂപന്‍സി 9.35 ശതമാനം മാത്രമാണ് ഉള്ളതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഈ ആഴ്ചയോടെ ചിത്രം തീയറ്റര്‍ വിട്ടേക്കും എന്നാണ് വിവരം. ചിത്രത്തിന്റെ ഒടിടി ഇതിനകം വിറ്റതായി സൂചനയുണ്ട്.

Top