സംസ്ഥാനത്ത് അക്രമങ്ങള്‍ പടരുന്നത് തടയാന്‍ പോലീസിനെ ഉപയോഗിക്കാതെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് എതിരെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. പൊതുഫണ്ട് ധൂര്‍ത്തടിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിര്‍ത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ രഹസ്യങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
‘സര്‍ക്കാര്‍ പരസ്യം നിര്‍ത്താന്‍ വേഗത്തില്‍ നടപടി കൈക്കൊള്ളണം. മുഖ്യമന്ത്രി പരസ്യങ്ങള്‍ പിന്‍വലിക്കണം. ഇത് ഭരണഘടനാ വിരുദ്ധമാണ്. പൊതുഫണ്ട് ക്രിമിനല്‍ ദുര്‍വിനിയോഗം നടത്തുകയാണ്’, ധന്‍കാര്‍ പറഞ്ഞു. അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും, പൗരത്വ ഭേദഗതി നിയമവും, ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ലെന്നുമാണ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി നല്‍കുന്ന വാഗ്ദാനം.
പാര്‍ലമെന്റ് അംഗീകരിച്ച നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് കലാപങ്ങള്‍ക്കാണ് വഴിയൊരുക്കുകയെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് പല കാര്യങ്ങളിലും ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനം നടക്കുന്നുണ്ട്. പ്രസംഗിച്ച് സമയം കളയാതെ നടപടിയിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍ ചെയ്യണ്ടത്. ഭരണഘടനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ അതിന് അനുസൃമായി പ്രവര്‍ത്തിക്കാനും ഗവര്‍ണര്‍ മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ഭരണനിര്‍വ്വഹണം നടത്താനും നിര്‍ദ്ദേശം നല്‍കി. പോലീസ് കണ്ണടയ്ക്കുന്നത് വഴിയാണ് ബംഗാളിലെ ചില ഭാഗങ്ങള്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്.