അകലെയിരിക്കുന്ന ആളുടെ ആരോഗ്യം മനസ്സിലാക്കാം; ഉപകരണവുമായി എം.ഐ.ടി

YOGA

ലണ്ടന്‍: ആരോഗ്യ പരിശോധനയ്ക്ക് വയര്‍ലെസ് സംവിധാനവുമായി മസാറ്റ്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. വൈഫൈയോട് സമാനമായ രീതിയിലുള്ളതാണ് പുതിയ ഉപകരണം. അടുത്തു നില്‍ക്കുന്ന രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, ഉറക്കം തുടങ്ങിവയെല്ലാം ഈ ഉപകരണത്തിലൂടെ മനസ്സിലാക്കാം. ഇത് രോഗിയുമായി നേരിട്ട് ബന്ധിപ്പിക്കേണ്ട ആവശ്യമില്ല.

പാര്‍ക്കിന്‍സണ്‍, അല്‍ഷ്യമേഴ്‌സ്, ഡിപ്രഷന്‍, ഹൃദ്രോഗം തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ഈ ഉപകരണത്തിലൂടെ സാധിക്കും.

നിലവില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍, അവയുടെ ഭീമമായ ചെലവ്, വലുപ്പം തുടങ്ങിയവയ്‌ക്കൊക്കെയുള്ള പരിഹാരമാണ് ഈ പുതിയ ഉപകരണമെന്ന് എംഐടി പ്രൊഫസര്‍ ദിനാ കതാബി വ്യക്തമാക്കി.

ഉപകരണത്തില്‍ നിന്ന് ചെറിയ തീവ്രതയിലുള്ള സിഗ്നലുകള്‍ വായുവിലൂടെ രോഗിയില്‍ എത്തുന്നു. ശരീരത്തില്‍ തട്ടി തിരിച്ചു വരുന്ന ഇത്തരം സിഗ്നലുകളെ അപഗ്രഥിക്കുന്നതാണ് രീതി. ഒന്നോ രണ്ടോ മുറിയ്ക്ക് അപ്പുറമിരിക്കുന്ന രോഗികളുടെ പോലും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കും. ചുമരുകള്‍ പോലും സിഗ്നലുകള്‍ക്ക് തടസ്സമാകില്ല.

രോഗിയുടെ ചെറിയ ചലനങ്ങള്‍ പോലും, ഉദാഹരണത്തിന് ശ്വസിക്കുന്നത് വരെ കൃത്യമായി രേഖപ്പെടുത്താന്‍ ഈ ഉപകരണത്തിനാകുമെന്ന് കേംബ്രിഡ്ജില്‍ നടന്ന യോഗത്തില്‍ കതാബി അറിയിച്ചു.

ഒരാളുടെ ഉറക്കത്തെ കൃത്യമായി വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങള്‍, എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് തുടങ്ങിയ എല്ലാ കാര്യങ്ങളും നേരിട്ട് ശരീരത്തില്‍ ഉപകരണം ഘടിപ്പിക്കാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. വിഷാദ രോഗികളുടെ അവസ്ഥയെ വിശദമായി പഠിക്കാന്‍ ഇതിലൂടെ കഴിയും.

ഒരു വ്യക്തിയുടെ അനുവാദത്തോടെ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് നിയമം. വളരെ കുറവ് എണ്ണം മാത്രമേ ഈ ഉപകരണം ഇപ്പോള്‍ നിലവിലുള്ളൂ.

Top