ലഖ്‌നൗ: മറ്റൊരു സുവര്‍ണ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ഐക്കണ്‍ മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന ബഹുമതിയാണ് മിതാലി സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന നാലാ ഏകദിനത്തിലാണ് മിതാലി ഈ നേട്ടം കൈവരിച്ചത്.
മത്സരം തുടങ്ങുംമുന്‍പ് 212 മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സായിരുന്നു മിതാലിന്റെ സമ്പാദ്യം. നാലാം ഏകദിനത്തില്‍ 21 റണ്‍സ് കൂടി ചേര്‍ത്ത് മിതാലി പുതിയ ചരിത്രം സൃഷ്ടിച്ചു. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ നായികയ്ക്ക് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
71 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത മിതാലിനെ ടുമി ഷെകുകുനെ പുറത്താക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് കരിയറില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വനിതാ താരം എന്ന നേട്ടം മിതാലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 36 റണ്‍സ് നേടിയാണ് മിതാലി ഈ നാഴികക്കല്ല് പിന്നിട്ടത്.
മുന്‍ ഇംഗ്ലണ്ട് നായിക ഷാര്‍ലറ്റ് എഡ്വേഡ്‌സാണ് ഈ നേട്ടം കൈവരിച്ച ആദ്യ വനിതാ താരം. എന്നാല്‍, ഏകദിനത്തില്‍ എഡ്വേഡ്‌സിന് 5992 റണ്‍സ് മാത്രമാണ് നേടാനായത്. മൊത്തം 10273 റണ്‍സാണ് അവരുടെ മൊത്തം സമ്പാദ്യം.
10 ടെസ്റ്റില്‍ നിന്ന് 663 ഉം 213 ഏകദിനത്തില്‍ നിന്ന് ഏഴായിരും 89 ടിട്വന്റിയില്‍ നിന്ന് 2364 റണ്‍സുമാണ് ഇതുവരെയായി മിതാലിയുടെ സമ്പാദ്യം.