2022 ലോകകപ്പ് തോൽവിയോടെയാണ് വിരമിക്കാൻ തീരുമാനമെടുത്തത്: മിതാലി രാജ്

2022 ലോകകപ്പിൽ പരാജയപ്പെട്ടതോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്ന് മുൻ ഇന്ത്യൻ താരം മിതാലി രാജ്. 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് താൻ ആദ്യമായി ഇതേപ്പറ്റി ചിന്തിച്ചത്. താൻ വൈകാരികമായി തീരുമാനങ്ങൾ എടുക്കാറില്ലെന്നും പാഷൻ കുറവ് വന്നതിനാലാണ് തീരുമാനം എടുത്തതെന്നും മിതാലി രാജ് വ്യക്തമാക്കി.

‘സത്യം പറഞ്ഞാൽ, 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് വിരമിക്കലിനെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ചത്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനം കണ്ടപ്പോൾ അദ്ദേഹം വളരെ വികാരാധീനനായിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ വിരമിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ആ വികാരം എനിക്ക് അനുഭവപ്പെടുമോ എന്നായിരുന്നു. അതിനു ശേഷം മറ്റ് ചില വിരമിക്കൽ പ്രഖ്യാപനങ്ങളും കണ്ടു. പക്ഷേ, വിരമിക്കലിനെ അത്ര വൈകാരികമായി എടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. 2022ലെ ലോകകപ്പോടെ ഞാൻ വിരമിക്കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പുണ്ടായിരുന്നു. എന്നാൽ വൈകാരികത കൂടിനിൽക്കുമ്പോൾ ഞാൻ തീരുമാനങ്ങൾ എടുക്കാറില്ല. പിന്നീട് ആഭ്യന്തര ടി-20 മത്സരങ്ങൾ കളിക്കുമ്പോൾ തന്നെ എന്റെ ഉള്ളിലെ ക്രിക്കറ്റ് പാഷന് കുറവ് വരുന്നതായി എനിക്ക് മനസിലായി. എന്റെ സമയമായെന്നും ഞാൻ മനസിലാക്കി.’- മിതാലി പറഞ്ഞു.

Top