ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി ഡബ്ലൂ.വി രാമനെ തിരഞ്ഞെടുത്തതിന് ശേഷം പ്രതികരണവുമായി മിതാലി രാജ് രംഗത്ത്. സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്നും ഇനി ക്രിക്കറ്റിലേക്ക് വീണ്ടും ശ്രദ്ധേകേന്ദ്രീകരിക്കുകയാണെന്നും മിതാലി പറഞ്ഞത്.
ടി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലിയെ രമേഷ് പവാര്‍ കളിപ്പിക്കാതിരുന്നതാണ് വിവാദത്തിനിടയാക്കിയത്. ആ സംഭവത്തോടെയാണ് ടീമിനകത്തെ ചേരി തിരിവുകളും പൊട്ടിത്തെറികളും പുറംലോകം അറിയുന്നത്. പരിശീലകന്‍ തന്നെ അവഗണിക്കാന്‍ ശ്രമിച്ചതായി കാട്ടി മിതാലി ബിസിസിഐയ്ക്ക് പരാതി നല്‍കി. കാലാവധി അവസാനിച്ചശേഷം പവാറിനെ ഒഴിവാക്കി പുതിയ കോച്ചിനുള്ള അപേക്ഷ ക്ഷണിക്കുകയായിരുന്നു ബിസിസിഐ.
അപേക്ഷയുടെ ഫൈനല്‍ ലിസ്റ്റില്‍ പവാറും ഇടംപിടിച്ചിരുന്നു. ഇതോടെ പവാറിനെ വീണ്ടും പരിശീലകനാക്കിയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബിസിസിഐ അതിന് തയ്യാറായില്ല. ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പവാറിനെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യക്കാരായിരുന്നു. പവാര്‍ തിരിച്ചുവന്നിരുന്നെങ്കില്‍ മിതാലി ക്രിക്കറ്റ് കരിയകര്‍ അവസാനിപ്പിച്ചേക്കുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചതോടെ ക്രിക്കറ്റില്‍ തിരിച്ചുവരികയാണെന്ന് മിതാലി പറഞ്ഞു. ഇന്ത്യ ന്യൂസിലന്‍ഡില്‍ 5 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ജനുവരി 24നാണ് പരമ്പരയ്ക്ക് തുടക്കമാവുക.