മുംബൈ: തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശീലകന്‍ രമേശ് പവാര്‍ ബിസിസിഐക്ക് നല്‍കിയ വിശദീകരണത്തില്‍ പ്രതികരിച്ച് മിതാലി രാജ്. തനിക്ക് എതിരായ അധിക്ഷേപത്തില്‍ ഏറെ വേദനയുണ്ടെന്ന് മിതാലി ട്വീറ്റ് ചെയ്തു.
‘കളിയോടുളള എന്റെ സമര്‍പ്പണവും, 20 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചതും, എന്റെ കഠിനാധ്വാനവും, വിയര്‍പ്പും എല്ലാം പാഴായി. ഇന്ന് എന്റെ രാജ്യസ്‌നേഹം സംശയിക്കപ്പെടുന്നു. എന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനമാണിന്ന്. ദൈവം ശക്തി നല്‍കട്ടെ,’ മിതാലി ട്വീറ്റ് ചെയ്തു.
ട്വന്റി 20 ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് പരിശീലകന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമില്‍ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാര്‍ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും രമേശ് പവാര്‍ ബിസിസിഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഏറെ ഗൗരവമുള്ള കത്ത് ചോര്‍ന്നതില്‍ ബിസിസിഐ ആക്ടിങ്ങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് വിശദീകരണം തേടിയത്. സിഇഒ രാഹുല്‍ ജോറി, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിം എന്നിവരോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.