‘ചെറിയ ലക്ഷണങ്ങള്‍ ആദ്യം കാര്യമാക്കിയില്ല’; ബെല്‍സ് പാഴ്സിയെക്കുറിച്ച് മിഥുന്‍ രമേശ്

ടനും അവതാരകനുമായ മിഥുന്‍ രമേശ് ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സ തേടിയ വിവരം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മിഥുന്‍ തന്നെയാണ് രോഗവിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ താന്‍ ആദ്യം കാര്യമാക്കി എടുത്തില്ലെന്ന് പറയുന്നു മിഥുന്‍. ബിഹൈന്‍ഡ് വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്.

അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ഞാന്‍ മൈൻഡ് ചെയ്തില്ല. അങ്ങനെ ആരും ഇനി ചെയ്യരുത്. അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകും. ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട് എനിക്ക്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും. കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകൾ മുഴുവൻ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.’ മിഥുൻ വിശദീകരിച്ചു.

മുഖത്തെ അസുഖം 98 ശതമാനം ഭേദമായതിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞ ദിവസം മിഥുൻ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. കൂടാതെ തനിക്ക് ബ്രേക്ക് നൽകിയ കോമഡി ഉത്സവത്തിലേക്കും താരം തിരികെ എത്തി. ഈ മാസം മൂന്നാം തീയതിയാണ് താന്‍ ബെല്‍സ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയതായി മിഥുന്‍ രമേശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് മിഥുന്‍ രമേശ് ചികിത്സ തേടിയത്.

Top