കൊച്ചി: എല്‍പി, യുപി സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളായി കണക്കാക്കണമെന്നു ഹൈക്കോടതി. പ്രൈമറി തലത്തില്‍ ബോയ്‌സ് സ്‌കൂളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും തിരിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ വിദ്യാഭ്യാസ ഓഫിസറുടെയോ പ്രത്യേകാനുമതിപോലും ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ ഇക്കാര്യത്തില്‍ മാറ്റം പാടില്ല.
കേരള വിദ്യാഭ്യാസ ചട്ടത്തില്‍ യുപി വരെ ‘മിക്‌സഡ്’ സ്‌കൂള്‍ സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നു പറയുന്നതു കോടതി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കിടയില്‍ സാഹോദര്യവും അച്ചടക്കവും ധാര്‍മികതയും വളരാന്‍ ഒന്നിച്ചുള്ള പഠനം സഹായകമാണ്. ആരോഗ്യകരമായ സാഹചര്യമൊരുക്കാന്‍ ഇതു നല്ലതാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു നിര്‍ത്തുന്നതു വളര്‍ച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ദോഷമാണെന്നും കോടതി പറഞ്ഞു.
പ്രത്യേക സാഹചര്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രവേശനം പരിമിതിപ്പെടുത്താം. പ്രത്യേക സാഹചര്യമില്ലെങ്കില്‍ നിയന്ത്രണം എടുത്തുകളയാനും ഡയറക്ടര്‍ക്കു സാധ്യമാണ്. ഹൈസ്‌കൂള്‍ തലത്തില്‍ ഗേള്‍സ് സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കു പരിമിതപ്പെടുത്താം.
എന്നാല്‍, പരിസരത്തു മറ്റു ബോയ്‌സ് സ്‌കൂള്‍ ഇല്ലെങ്കില്‍ ഏഴുവരെ ക്ലാസുകളില്‍ 12ല്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെ ചേര്‍ക്കാം. 12 വയസ്സു പൂര്‍ത്തിയാകുന്നതോടെ അക്കാദമികവര്‍ഷം കഴിയുമ്പോള്‍ സ്‌കൂള്‍വിട്ടു പോകണം. ഇതുപോലെ, സമീപത്തു മറ്റു ഗേള്‍സ് സ്‌കൂളില്ലെങ്കില്‍ ഡയറക്ടറുടെ അനുമതിയോടെ ബോയ്‌സ് സ്‌കൂളില്‍ പെണ്‍കുട്ടികളെയും ചേര്‍ക്കാനും ചട്ടത്തില്‍ വ്യവസ്ഥയുള്ളതു കോടതി ചൂണ്ടിക്കാട്ടി.
പാലക്കാട് കുനിശേരി സീതാറാം യുപി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ മകള്‍ക്കു പ്രവേശനം നിഷേധിച്ചതിനെതിരെ കുനിശേരി സ്വദേശി ജയശ്രീ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് വി.ചിദംബരേഷിന്റെ ഉത്തരവ്. മൂത്തമകന്‍ പഠിക്കുന്ന അതേ സ്‌കൂളില്‍ മകളെ ചേര്‍ക്കാനാണു കുട്ടിക്കു പ്രവേശനം തേടിയത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമെന്നു പറഞ്ഞു ഹെഡ്മാസ്റ്റര്‍ അപേക്ഷ തള്ളിയ സാഹചര്യത്തിലാണു ഹര്‍ജി.